ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -2

പറന്നു പോയ പറവകളേ ..തിരികെ വരൂ..


എഴുപതുകളിലെ യൗവനം ശരീരത്തിൻ്റെയും മനസ്സിൻ്റെയും മാത്രം അവസ്ഥാവിശേഷമായിരുന്നില്ല. കാലം വല്ലപ്പോഴും അതിൻ്റെ ജൈവികത വീണ്ടെടുക്കാൻ തുനിയുന്നതിൻ്റെ ഭാഗമായി കൈവരുന്ന സജീവത അന്ന് ജീവിതത്തിൻ്റെ എല്ലാ മണ്ഡലങ്ങളിലും പ്രതിഫലിച്ചു രാഷ്ട്രീയത്തിലും സംസ്കാരത്തിലും എഴുത്തിലും വായനയിലും 'പ്രതിരോധത്തിലും പ്രതികരണത്തിലുമെല്ലാം 'എഴുപതുകളുടെ യുവത്വത്തിൻ്റെ വേലിയേറ്റം എൺപതുകളിലും തുടർന്നു.

'കേരളത്തിൻ്റെ രാഷ്ടീയതാപമാപിനിയിലെ വിതാനം ഉയർന്നു പൊങ്ങിയ പ്രസ്തുത
കാലത്തിൻ്റെ ചിത്രങ്ങളിൽ ഒരെഴുത്തുകാരനെന്ന നിലയിൽ ഒ.വി.വിജയനോളം തെളിഞ്ഞു നിന്ന മറ്റൊരാളില്ല
'' വ്യക്തിപരമായി ചിന്തയുടെയും ഭാഷയുടേയും പ്രസരങ്ങളിൽ ശ്രദ്ധയൂന്നിയ
ആ കാലഘട്ടത്തിൽ ഞാൻ വിജയനെ നിരന്തരമായി തേടി നടന്നു 'അദ്ദേഹത്തിൻ്റെ വരകളും വാക്കുകളും പരതി നടന്നു ഖസാക്കിൻ്റെ ഇതിഹാസം എത്ര തവണ വായിച്ചു കാണുമെന്ന് ഓർമയില്ല അന്ന് അതിൻ്റെ പാതിയും എനിക്ക് ഹൃദിസ്ഥമായിരുന്നു. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഒ.വി വിജയനോടുള്ള ആഭിമുഖ്യം വർദ്ധിക്കാൻ രാഷ്ട്രീയാനുഭവങ്ങളും വായനാനുഭവങ്ങളും കാരണമായി.
1976 ൽ ജോലി തേടി പാലക്കാട്ടേക്ക് തിരിക്കുമ്പോൾ ഖസാക്കിൻ്റെ ഒരു കോപ്പിയും കൈയിൽ കരുതി .പാലക്കാട് എംബ്ലോയ്‌മെൻ്റ് എക്സ്ചേയ്ഞ്ചിൽ റജിസ്റ്റർ ചെയ്യാനും അവിടെ തന്നെ ജോലി തേടാനുമുള്ള പ്രേരണയും മറ്റൊന്നായിരുന്നില്ല
വിജയൻ കഥകളുടെ പശ്ചാത്തല ഗ്രാമങ്ങളിൽ അലഞ്ഞു തിരിഞ്ഞ നാളുകളിൽ അദ്ദേഹത്തിൻ്റെ വിലാസം എൻ്റെ ഒരു സുഹൃത്തിൽ നിന്ന് സംഘടിപ്പിച്ച് 1978ൽ ഞാൻ വിജയന് ഒരു കത്തെഴുതി ചില വിഷയങ്ങളിൽ സംശയങ്ങൾ ഉന്നയിച്ചുകൊണ്ട് എഴുതിയ ആ കത്തിന് .മുപടി ലഭിച്ചില്ല. വിജയൻ തൻ്റെ ബാല്യകാലത്ത് തൻ്റെ കുടുംബത്തോടൊപ്പം മലപ്പുറം ജില്ലയിൽ ചില ഇടങ്ങളിലൊക്കെ താമസിച്ചിരുന്നതായും പഠിച്ചിരുന്നതായും അതിനിടയിൽ എവിടെയോ വായിച്ചു. പക്ഷെ അന്ന് പാലക്കാട് ജോലി ചെയ്തിരുന്നതുകൊണ്ടും 'പാലക്കാടിനോട് തോന്നിയ പ്രത്യേക മമത കൊണ്ടും ' 'വിജയൻ്റെ മലപ്പുറം ബന്ധങ്ങൾ അന്യേഷിക്കാനോ കണ്ടെത്താനോ കഴിഞ്ഞില്ല.

വിജയനെ ഒരിക്കലെങ്കിലും കാണണമെന്ന് സ്വാഭാവികമായും ആഗ്രഹിച്ചു .അദ്ദേഹം പാലക്കാട് സഹോദരി ശാന്തയുടെ വീട്ടിൽ വരുന്നുണ്ടോ എന്നന്യേഷിച്ചെങ്കിലും കൃത്യമായി ഒന്നും തന്നെ അറിയാനായില്ല.' അതിനിടയിൽ ജോലി തേടി ഞാൻ കേരളം വിട്ടതോടെ എൻ്റെ അന്വേഷണങ്ങൾ നിലച്ചു.'
പിന്നീട് വർഷങ്ങൾ കഴിഞ്ഞ് 1987 ൽ 'വിജയൻ കോഴിക്കോട് സിമി എന്ന സംഘടനയുടെ ഒരു സെമിനാറിൽ പങ്കെടുക്കാനെത്തിയെങ്കിലും അക്കാലത്ത് ഞാൻ മലപ്പുറത്ത് ഇല്ലാതിരുന്നതിനാൽ വിജയനെ കാണാൻ കഴിഞ്ഞില്ല. ഒരു യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കോഴിക്കോടു നിന്ന് വിജയൻ മലപ്പുറം ജില്ലയിലെ അരീക്കോടെത്തി ഒന്ന് രണ്ട് ദിവസം താമസിച്ച കാര്യമറിയുന്നത്
'വിജയൻ്റെ ആദ്യകാലകഥകളിലൊന്നായ പ്രേമകഥയിലെ നായിക വിശാലാക്ഷിയെ നേരിട്ടു കാണുവാൻ വിജയന് വലിയ ആഗ്രഹമുണ്ടായിരുന്നു
അദ്ദേഹത്തിൻ്റെ അരീക്കോട്ടെ ചില സുഹൃത്തുക്കൾ അവരെ അന്യേഷിച്ചെങ്കിലും ആർക്കും കണ്ടെത്താനായില്ല എന്നും അറിയാൻ കഴിഞ്ഞു
പിന്നീട് കുറച്ചു മാസം കഴിഞ്ഞപ്പോൾ 'ചില പത്രപ്രവർത്തക സുഹൃത്തുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞ ഒരു വിഷയത്തിൽ യഥാർത്ഥ വസ്തുത അറിയാനുള്ള താൽപര്യം കൊണ്ട് ഞാൻ ഡി.സി ബുക്സിൽ നിന്നും വിജയൻ്റെ ഡൽഹി വിലാസം സംഘടിപ്പിച്ച്.ഒരിക്കൽ കൂടി എഴുതി

വിമർശന സ്വഭാവമുള്ള ഒരു കത്തായിരുന്നു അത്.

ആയിടയ്ക്കു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നു കൊണ്ടിരുന്ന എൻ്റെ സുഹൃത്ത് പോൾ കല്ലാനോടിൻ്റെ കാർട്ടൂൺ പരമ്പരകളിലൊന്നിൽ വിജയനെ വിഷയമാക്കിയതിൽ അദ്ദേഹം പ്രതിഷേധിച്ചുവെന്നും തുടർന്ന് 'ആ പരമ്പര നിർത്തിവെച്ചു എന്നും അറിയാനിടയായപ്പോൾ സ്വാഭാവിക പ്രതികരണം എന്ന നിലയിലാണ് ആ കത്ത് ഞാൻ അയച്ചത്
ഉദാരമായ ഫലിതത്തിൻ്റെ പ്രസക്തിയൂന്നുന്ന വിജയൻ എന്തുകൊണ്ടു് മറ്റൊരു കാർട്ടൂണിസ്റ്റിൻ്റെ രചനയോട് ഈ രീതിയിൽ പ്രതികരിച്ചു എന്ന് ചോദിച്ചു കൊണ്ടുള്ള ഒരു കത്ത് ' പക്ഷെ അതിനും ഒരു പ്രതികരണവുമുണ്ടായില്ല
ഒ.വി വിജയനുമായുള്ള ബന്ധത്തിൻ്റെ വാതിലുകൾ പിന്നീട് ഏറെ വൈകാതെ ആകസ്മികമായി തുറന്നു കിട്ടി. തീർത്തും അപ്രതീക്ഷിതമായ രീതിയിൽ എൻ്റെ അമ്മയാണ് അതിന് വഴി തുറന്നത്' വിജയൻ്റെ മനോഹരമായ മുഖചിത്രവുമായി ഇറങ്ങിയ കറൻ്റ് ബുക്സിൻ്റെ ബുള്ളറ്റിൻ ഞാൻ വീട്ടിൽ കൊണ്ടുവന്ന് മേശപ്പുറത്തിട്ടു
ഉച്ചയൂണു കഴിഞ്ഞുള്ള ഇടവേളകളിൽ ഞാൻ വീട്ടിൽകൊണ്ടു വരുന്ന പ്രസിദ്ധികരണങ്ങൾകുറച്ചു നേരം മറിച്ചു നോക്കുകയും താൽപര്യമുള്ള ചിലതൊക്കെ വായിക്കുകയും ചെയ്യൂന്ന സ്വഭാവം അമ്മക്കുണ്ടായിരുന്നു
പ്രസ്തുത ബുള്ളറ്റിൻ്റെ ആദ്യ പേജിൽ വിജയൻ്റെ കുടുംബത്തെ കുറിച്ചുള്ള വിവരണമുണ്ടായിരുന്നു അതു വായിച്ച് വലിയൊരു കണ്ടെത്തൽ നടത്തിയ പോലെ അമ്മ വളരെ ഉച്ചത്തിൽ എന്നെ വിളിച്ചു
"എടാ ഈ ഒ വി വിജയൻ നമ്മുടെ ഉണ്ണിയാണ്.."
എനിക്ക് ഒട്ടും തന്നെ വിശ്വസിക്കാനായില്ല
പക്ഷെ അമ്മയുടെ ആവർത്തനവും തെളിവുകൾ സഹിതമുള്ള വിവരണവും കേട്ടപ്പോൾ ശരിയായിരിക്കാമെന്ന് തോന്നി ഞാൻ അന്ന് തന്നെ വിജയന് ഒരു കത്തെഴുതി . വലിയൊരു സ്നേഹ ബന്ധത്തിലേക്ക് തുടർന്ന് വഴി തുറന്ന കത്തുകൾ ഇവിടെ പ്രസിദ്ധീകരിക്കട്ടെ
ബഹുമാനപ്പെട്ട ശ്രീ വിജയൻ
ഞാൻ താങ്കൾക്ക്‌ ഇതിന് മുൻപ് രണ്ടോ മൂന്നോ കത്തുകൾ അയച്ചിരുന്നു പക്ഷെ ഒന്നിനും മറുപടി കിട്ടിയില്ല. കാർട്ടൂൺ സംബന്ധമായ ഒരു വിഷയത്തിലായിരുന്നു എൻ്റെ അവസാന കത്ത് ഇപ്പോൾ ഈ കത്തിനെങ്കിലും ഒരു മറുപടി പ്രതീക്ഷിക്കുന്നു.
ഇപ്പോൾ മുപടി ഒരവകാശം എന്ന നിലയിൽ
ചോദിക്കാൻ കഴിയുന്ന രീതിയിൽ നമ്മൾ
തമ്മിൽ താങ്കൾക്കറിയാത്ത ചില ബന്ധങ്ങളുണ്ടു് എൻ്റെ അമ്മ ഇന്ന് കരൻ്റ് ബുക്സ് ബുള്ളറ്റിനിൽ താങ്കളുടെ പടം കണ്ടു ഇങ്ങനെ പറഞ്ഞു "എടാ ഇത് നമ്മുടെ ഉണ്ണിയാണ്" അത് ശരിയാണെങ്കിൽ എൻ്റെ ഈ അവകാശവാദം തീർത്തും സാധുതയുള്ള ഒന്നാണ് എൻ്റെ അമ്മയും കുടുംബവുമായി താങ്കൾക്കും കുടുംബത്തിനുമുണ്ടായിരുന്ന സൗഹാർദത്തിൻ്റെ പേരിലുള്ള ഒരു കത്താണിത്
സ്നേഹപൂർവം
സുന്ദരരാജൻ


Comments

Popular posts from this blog

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -8

ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം -4