ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍ ഭാഗം -8
പറന്നു പോയ
പറവകളേ
തിരികെ വരൂ
ഒരാളുടെ ചിന്ത അയാളുടെ ഭാഷയുടെ അതിരിൽ അവസാനിക്കുമെന്ന സത്യത്തിൻ്റെ വെളിച്ചത്തിൽ പറയുകയാണെങ്കിൽ മലയാളം ഇംഗ്ലീഷ് ഭാഷകളുടെ
അതിരുവരെ യാത്ര ചെയ്ത ചിന്തകനായിരുന്നു ഒ വി വിജയൻ.
കേവല ഭാഷയ്ക്കപ്പുറം വിജയന് മറ്റൊരു ആവിഷ്കാരലോകമുണ്ടായിരുന്നു' അതായിരുന്നു
വിജയൻ്റെ കാർട്ടൂണുകൾ.
തൻ്റെ ഏറ്റവും ഉയർന്ന ചിന്തകൾ ആ വരകളിൽ
മഷി പുരണ്ടുവന്നു.' വിജയൻ്റെ ഭാഷ അതീവ കാൽപനികമായിരുന്നുവെന്നും അത്തരം ഒരു ഭാഷയിൽ വിജയൻ ആറാടി എന്നും എഴുത്തുകാരൻ കെ. പി നിർമൽകുമാർ നീരീക്ഷിച്ചത് വിജയൻ ഭാഷ
വലിയ തോതിൽ സാമാന്യവൽക്കരിക്കപ്പെട്ട കാലത്താണ് ' അതീവ വ്യാപനശേഷിയുണ്ടായിരുന്ന വിജയൻ ഭാഷയും ചിന്തയും ആ കാലത്തിൻ്റെ
യുവത്വത്തെ തഴുകി ഒഴുകി എന്നതാണ് സത്യം .
ഏറെ വിഷാദവും സന്ദേഹവും കലർന്ന ഒരു മനസ്സ് വിജയനിൽ നിരന്തരമായി പ്രവർത്തിച്ചു കൊണ്ടിരുന്നു .. കാലദേശങ്ങളിലൊതുങ്ങാത്ത മനുഷ്യൻ്റെ അസ്തിത്വ വേദനകകൾ അദ്ദേഹത്തിൻ്റെ ചിന്തകളെ സദാ കടഞ്ഞു കൊണ്ടിരുന്നു .മാത്രമല്ല തൻ്റെ തന്നെ വ്യക്തിപരമായ അനുഭവയഥാർത്ഥ്യങ്ങൾ വിജയനെ ആഴത്തിൽ അലട്ടി .തെരേസ സാർത്രിയൻ പഠനങ്ങളുടെ ഗവേഷണ കാലത്ത് തൻ്റെ സഹോദരനിലൂടെയാണ് വിജയനുമായി പരിചയപ്പെടുന്നതും അടുക്കുന്നതും. ഉൽപതിഷ്ണുത്വത്തിന്റെ ചില അംശങ്ങളായിരുന്നു അവരുടെ അന്നത്തെ സ്നേഹ ബന്ധത്തിൻ്റെ കാതൽ.
പിന്നീട് ഒരു ഘട്ടത്തിൽ തെരേസ യാഥാസ്ഥിതികമായ മത വഴികളിലേക്ക് തിരിഞ്ഞു. തങ്ങളുടെ ഏക മകനെ ക്രിസ്റ്റ്യാനിറ്റിയുടെ മതം നൽകി വളർത്താൻ
ആഗ്രഹിച്ച തെരേസ യോട് വിജയൻ പറഞ്ഞത് അവന് ഒരു മതം നല്കാൻ ഞാൻ അശക്തനാണു് എന്നാണ് .അതുകൊണ്ടു് തന്നെ മധു ഒരു ക്രിസ്തീയ വിശ്വാസിയായി അത്തരം ഗ്രൂപ്പിൽ പ്രവർത്തിച്ചു .വിജയൻ തൻ്റെ ജീവിതത്തിൻ്റെ നല്ലൊരു പങ്കും
കമ്മ്യൂണിസത്തിൻ്റെയും കത്തോലിക്കാസഭയുടെയും നിശിത വിമർശകനായിരുന്നു
പാലക്കാട്ടെ അവസാന കാഴ്ചയിൽ പിരി
യു ന്നതിന് മുൻപ് ഞാൻ അദ്ദേഹത്തോട് ചോദിച്ചു .പാർക്കിൻസൻസ് രോഗം ഇത്രയും കലശലായ അവസ്ഥയിൽ അമേരിക്കയിലുള്ള മധു വിൻ്റെ അടുത്തു പോയി നിന്ന് ഫലപ്രദമായ ചികിത്സ എടുക്കുന്നതിനെ കുറിച്ച് ഒന്നു ചിന്തിച്ചു കൂടെ .അദ്ദേഹം തുണ്ടുകടലാസിൽ എഴുതിയത് ഒറ്റ വാക്ക്
മാത്രം .
അചിന്തിതം
വിജയൻ്റെ ആരോഗ്യാവസ്ഥ വളരെ മോശമാകുന്നതായി 2004 ഡിസംബറിൽ വിവരം
കിട്ടിയിരുന്നു .പക്ഷെ എനിക്ക് പോകാൻ കഴിഞ്ഞില്ല 20 05 മാർച്ച് 29 രാത്രി എന്നെ ഒരു പത്ര സുഹൃത്ത് വിളിച്ചു വിജയൻ മരിച്ചു. രാത്രി ഞാൻ ഉറങ്ങിയില്ല .എൻ്റെ സ്വന്തം കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ട പോലെ . അടുത്ത ദിവസം രാവിലെ തന്നെ ഞാനും അമ്മയും സഹോദരിയും പാലക്കാട്ടേക്ക് പുറപ്പെട്ടു ടൗൺ ഹാളിൽ പൊതുദർശനത്തിനു വെച്ച ശേഷം സംസ്കാര ചടങ്ങിനായി തിരുവില്വാമലയിലേക്ക് .അവിടെ വിരലിൽ എണ്ണാവുന്നവർ മാത്രം .
ഒരുപക്ഷെ ഭാരതപ്പുഴയോരത്ത് സമാനവും ശുഷ്കവുമായ രീതിയിൽ ഭാഷയിലെ മറ്റൊരു പ്രമുഖൻ മാത്രമെ അടക്കപ്പെട്ടിട്ടുള്ളു .അത് കവി വൈലോപ്പിള്ളിയാണ് വിജയൻ്റെ മൃതദേഹം ചിതയിലേക്കെടുത്തു വെച്ചപ്പോൾ സച്ചിദാനന്ദൻ്റെ വരികളാണ് ഓർമ വന്നത്.

ഇറക്കി കിടത്തിയതെൻ്റെ യൗവനമല്ലോ.
തഴുതിട്ടതോ സ്നേഹനീല മാം കലവറ മണലിലെരിഞ്ഞ മരുന്നതോ മലർകാലം
തിരുവില്വാമലയിൽ നടന്ന ശവസംസ്കാരചടങ്ങിൽ സംസ്ഥാന സർക്കാർ ബഹുമതിയുടെ ഭാഗമായി അണിനിരന്ന കുറച്ചു പോലീസുകാർ ശവശരീരം ചിതയിലേക്ക് എടുത്ത വെച്ച ശേഷം തോക്കുകൾ ശബ്ദം വെച്ചുയർത്തി .ആകാശത്തിലേക്ക് ചൂണ്ടിയ തോക്കുകളിൽ നിന്ന് വലിയ ശബ്ദത്തോടെ വെടിപൊട്ടി .തൊട്ടടുത്ത മരത്തിൽ കൂടു കുട്ടിയ പക്ഷികളത്രയും ഭയന്ന് നിലവിളിച്ച് പറന്നു പോയി. ജീവിതം മുഴുവൻ ആയുധിയെ എതിർത്ത പക്ഷികളെയും ശലഭങ്ങളെയും ജീവിതത്തിലേക്ക്
വിളിച്ച വിജയന് ചേരാത്ത അന്ത്യോപചാരം എന്നാണ് തോക്കുകൾ മാറ്റി പൂക്കളുമായി ഇതുപോലുള്ള മനുഷ്യർക്ക് അന്ത്യോപചാരം
അർപ്പിക്കുവാൻ നമ്മുടെ പോലീസിന് കഴിയുക .അറിയില്ല
ദർശനം കൊണ്ടും ശാന്തിമന്ത്രം കൊണ്ടും ചരിത്രത്തെ ജ്ഞാനസാന്ദ്രമാക്കിയ ഒ.വി വിജയൻ്റെ ആന്മാവിന് നിത്യശാന്തി ലഭിക്കട്ടെ
പറന്നു പോയ പറവകളേ
തിരികെ വരൂ'
Comments
Post a Comment