ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍ ഭാഗം -1

വളരെ വൈകി കേരളം നല്കിയ ഒരു പുരസ്കാരം ഏറ്റുവാങ്ങി ഒ.വി വിജയൻ നടത്തിയ പ്രഭാഷണത്തിലെ കുറച്ചു വരികൾ ഞാൻ ഇതിൽ കുറിക്കുന്നു.
പ്രധാന പ്രസിദ്ധീകരണങ്ങളിൽ ഒന്നും തന്നെ പ്രസിദ്ധീകരിച്ചു വരാത്ത ഹൃസ്വപ്രഭാഷണം
ഖസാക്കിൻ്റെ ഇതിഹാസത്തെ സ്പർശിച്ചു കൊണ്ടുള്ള തത്വചിന്താപരവും 'കാവ്യന്മകവുമായ വാക്കുകൾ.
എൻ്റെ ജീവിതത്തിലാകമാനം യുക്തിഭംഗങ്ങളുണ്ടു് പ്രത്യയശാസ്ത്രങ്ങളുടെ ഊന്നു
പിടിച്ച് ഒരു പറ്റം ദാർഢ്യങ്ങൾ കണ്ടെത്തിയ എൻ്റെ സുഹൃത്തുക്കൾക്ക് എന്നെ മുഷിപ്പിക്കുവാൻ കഴിഞ്ഞു എന്നു മാത്രം: ഇതിഹാസത്തിൽ യുക്തിയുടെ പ്രസാദ പൂർണമായ ലംഘനമായിരുന്നു നടന്നത്.
ആ അനുസരണക്കേടിൻ്റെ സ്വതന്ത്രതയിലാണ് ഒരു കാറ്റിനെ പോലെ ഞാൻ അലഞ്ഞത് .ചുരം കടന്ന് ഒഴുകുന്ന കിഴക്കൻ കാറ്റിൻ്റെ പ്രളയ സ്വരമാണ് എൻ്റെ ആദ്യത്തെ ശബ്ദബോധം. എൻ്റെ ഇടവും വലവും കാലം അതിൻ്റെ തലങ്ങളിൽ ജനിയും മൃതിയുമായി 'ധൃതി വെയ്ക്കാതെ തങ്ങളുടെ ശയനാമൃതങ്ങളിൽ ലയിച്ചു .ലയിച്ചു എന്ന് പറയുന്നത് ബോധപൂർവമാണ് 'എൻ്റെ ജീവൻ്റെ അവസ്ഥ അതിൻ്റെ മൂന്ന് പർവ്വങ്ങളായ സൃഷ്ടി സ്ഥിതി ലയം എന്നിവയിൽ ആദ്യത്തെ രണ്ടിനെയും വേണ്ട രീതിയിൽ അറിഞ്ഞില്ല.അതുകൊണ്ടു് ജനനം മറന്ന് സ്ഥിതിയുടെ ചുമതല മറന്ന് അറ്റമില്ലാത്ത ലയങ്ങളിൽ ഞാൻ ആറാടി തുമ്പി ചിറകുകൾ ആകാശം
സൃഷ്ടിച്ചു .ഞാൻ ആർക്കു വേണ്ടിയുമല്ല എഴുതുന്നത് എൻ്റെ എഴുത്ത് മൃതി 'വിലാപവും പിറവിയുടെ ആദിയായ പൊട്ടി കരച്ചിലുമാണ് .തൻ്റെ സചിത്രതയിൽ ജൈവ സാന്ദ്രതയിൽ'' സമാനമില്ലാത്തവനായ അപ്പു കിളിക്ക് ഒരു കൂട്ടുകാരനെ സൃഷ്ടിക്കാൻ എനിക്കായില്ല എന്നാൽ ഖസാക്കിൻ്റെ ഇതിഹാസ ഭൂമിയിൽ എല്ലാ ജീവികളിലും സ്നേഹം അഭിഷേകം ചെയ്തു കൊണ്ട് അവൻ ഈശ്വര തുല്യനായ മന്ദബുദ്ധിയായി വിലസുന്നു.
ഇനി ഞാൻ പറയട്ടെ അതായിരുന്നു ഒ.വി വിജയൻ പ്രകൃതിയുമായി അസാധാരണ
മായ ലയം സാധിച്ചെടുത്ത മഹാസാഹിത്യകാരൻ ദാർശനികൻ രാഷ്ട്രീയ വിമർശകൻ
പത്രപ്രവർത്തകൻ ലോകം അറിയുന്ന കാർട്ടൂണിസ്റ്റ് ' ഖസാക്കിൻ്റെ ഇതിഹാസം മലയാള ഭാഷാ ചരിത്രത്തെ കാലതലത്തിൽ രണ്ടായി മുറിച്ചു .ഖസാക്കിനു മുൻപും പിൻപും എന്ന നിലയിൽ' ഭാഷയിൽ സൗന്ദര്യപരമായും ദാർശനികാർത്ഥത്തിലും നടന്ന ഒരു സാഹിത്യ സൃഷ്ടി മാത്രമായിരുന്നില്ല ഖസാക്.
അനുഭവപരമായും തത്വചിന്താപരമായും രവി നടന്ന വഴികളിൽ അസ്തിത്വത്തിൻ്റെ വേദന തളം കെട്ടി നിന്നു. സ്വാഭാവികമായും എൻ്റെ യൗവനം ഖസാക്കിലെ രവിയുമായി താദാത്മ്യം പ്രാപിക്കാൻ കൊതിച്ചു രവി നടന്ന വഴികൾ തേടി ഞാൻ പാലക്കാട്ടേക്ക് തിരിച്ചു വിജയൻ്റെ വേരുകൾ അന്വേഷിച്ചു .ആവേരുകൾ എൻ്റെ കുടുംബവേരുകളുമായി ഭൂതകാലത്തിൻ്റെ വഴികളിൽ പിണഞ്ഞു കിടക്കുന്നു എന്ന് പിന്നീട് ഞാൻ അറിഞ്ഞു പക്ഷെ അതറിയാൻ ഒരുപാടു വൈകി' പിൽകാലത്ത് 'ഓ വി 'വിജയൻ എന്ന ഇതിഹാസകാരൻ്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും തീവ്രത ഞാനും കുടുംബവും അനുഭവിച്ചു. അളവറ്റ രീതിയിൽ.
പരസ്പരമുള്ള കത്തിടപാടുകളും വല്ലപ്പോഴുമുള്ള കണ്ടുമുട്ടലുകളും ആശയ വിനിമയങ്ങളുമായി ഞങ്ങളുടെ ബന്ധം വളർന്നു വിജയൻ്റെ കത്തുകൾ ഞാൻ കരുതലോടെ സൂക്ഷിച്ചു. 2006 ൽ എൻ്റെ കൈയിലുള്ള കത്തുകളിൽ ചിലതൊക്കെ അന്നത്തെ മാധ്യമം ആഴ്ചപ്പതിപ്പിൻ്റെ എഡിറ്റർ കണ്ണൻ്റെ താൽപര്യം കൊണ്ടു് വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു

വിജയൻ സ്വന്തം കൈപടയിൽ എഴുതിയ കത്തുകൾ തുടർന്നു വന്ന പ്രളയത്തിൽ '
നൂറ് കണക്കിന് പുസ്തകങ്ങളോടൊപ്പം നനഞ്ഞു് കുതിർന്ന് നഷ്ടപ്പെട്ടു 'എനിക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിൽ രോഗാതുരതനായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡിൽ കിടന്ന കവി അയ്യപ്പനെ പരിചരിക്കാൻ മറ്റൊരാൾ ഇല്ലാത്ത കാരണം എനിക്ക് ആ വലിയ നഷ്ടം വേദനയോടെ സഹിക്കേണ്ടി വന്നു.
മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത കത്തുകളിൽ പ്രസക്തമായ ചിലതൊക്കെ ഞാൻ നാളെ മുതൽ fb യിൽ ഇടുന്നു 2006 ൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ വായിച്ച ' എൻ്റെ സുഹൃത്തുക്കൾ ക്ഷമിക്കുക
വിജയൻ്റെ ഭാഷയിൽ പറഞ്ഞാൽ കഥന സ്വഭാവമുള്ള ഓർമകളുടെ വലിയ ഒരു മൂടൽമഞ്ഞ് പ്രസ്തുത കത്തുകളിലുണ്ടു് പുതിയ തലമുറയുടെ വായനയ്ക്കായി ഞാൻ അവ സമർപ്പിക്കുന്നു
..
എഴുത്ത് : സുന്ദരരാജന്‍ മലപ്പുറം
Comments
Post a Comment