ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍ ഭാഗം -5
വടകരയിൽ നിന്നും തിരിച്ചെത്തിയ ശേഷം അന്നു തന്നെ രാത്രി വണ്ടിയിൽ വിജയൻ യാത്രയായി .ആ രണ്ടു ദിവസങ്ങളിലായി വിജയനിൽ നിന്ന് ലഭിച്ച സ്നേഹവും പരിഗണനയും ഞാൻ പ്രതീക്ഷിച്ചതിനും എത്രയോ അപ്പുറം .റെയിൽവെ സ്റ്റേഷനിൽ എത്തി വണ്ടി കാത്തു നിൽക്കെ വിജയൻ വളരെ പതുക്കെ പറഞ്ഞു ഇനി നീ ഡൽഹിയിലേക്കു വാ ' എൻ്റെ കൂടെ കുറച്ചുദിവസം താമസിക്കാം. വരാമെന്ന് ഞാൻ വാക്കു പറഞ്ഞു പക്ഷെ പെട്ടെന്നൊന്നും ഒരു ഡൽഹി യാത്ര സാധ്യമാകുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ എൻ്റെ അമ്മമ്മയുടെ അസുഖങ്ങൾ മൂർഛിച്ചു കൊണ്ടിരുന്ന സമയമായിരുന്നു അത്. .
തുടർന്ന് എട്ടു മാസം കഴിഞ്ഞപ്പോൾ അമ്മമ്മ മരിച്ചു ഉടൻ തന്നെ ആ വിവരമറിയിച്ച് ഞാൻ വിജയന് കത്തെഴുതി പക്ഷെ മാസങ്ങളോളം മുപടിയൊന്നും ലഭിച്ചില്ല.' ഒമ്പതാമത്തെ മാസം വിജയൻ്റെ സ്വന്തം കൈപ്പടയിൽ കുറച്ചു വരികൾ മാത്ര
മുള്ള ഒരു കത്തു കിട്ടി ഇങ്ങനെ '
പ്രിയപ്പെട്ട സുന്ദരൻ
അങ്ങനെ മാളുവമ്മയും പോയി .മക്കളും പേരമക്കളും ജീവിത ഭദ്രത നേടിയതു കണ്ടു മരിച്ച അവർ പുണ്യവതി തന്നെ 'ഇത് യശോദയോടു പറയണം' കഴിഞ്ഞ എട്ടു മാസം ഞാൻ ഏതാണ്ട് ഒരഭയാർത്ഥിയായി അലയുകയായിരുന്നു . ദില്ലിയിൽ തിരിച്ചെത്തിയപ്പോൾ മാത്രമാണു് വിവരമറിഞ്ഞത് . ശേഷമാണ് ഇതെഴുതുന്നത് ഒരിക്കൽ കൂടി മാളുവമ്മയെ സ്നേഹത്തോടെ സ്മരിച്ചു കൊണ്ട്
'ഉണ്ണി മാമൻ
പിന്നീട് വിജയൻ്റെ രോഗങ്ങൾ മൂർഛിച്ചു
എഴുതാൻ വിഷമമുണ്ടെന്ന് ഒരു രാത്രി ഞാൻ വിളിച്ചപ്പോൾ പറഞ്ഞു ഞാൻ ഉടൻ വരാം എന്നറിയിച്ചു ഡൽഹിയിലേക്ക് യാത്ര നിശ്ചയിച്ച് റിസർവേഷൻ ചെയ്തെങ്കിലും എനിക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി വന്നു തൂടർന്ന് ഡൽഹിയാത്ര
'ഒഴിവാക്കേണ്ടിവന്നു . ഈ വിവരം അറിയിക്കാനായി ഞാൻ വിളിച്ചപ്പോഴാണ് അടുത്തു തന്നെ ഹൈദ്രബാദിലേക്ക് താമസം മാറ്റുമെന്ന് വിജയൻ അറിയിച്ചത് .
ഹൈദ്രബാദിലെത്തിയ വിജയൻ ഭാര്യ തെരേസയുടെ വീട്ടിലിരുന്ന് തൻ്റെ പുതിയ നോവലായ തലമുറയുടെ പണിയിൽ മുഴുകി .അതിനിടയിൽ ഹൃസ്വമായ ഒരു കത്ത് കൂടി എനിക്ക് കിട്ടി . തലമുറ
യുടെ പണി തീർന്ന ശേഷം അയച്ച കത്തായിരുന്നു അത് അതാണ് വിജയൻ തൻ്റെ സ്വന്തം കൈപ്പടയിൽ എനിക്ക് അവസാനമായിഎഴുതിയ കത്ത്
പ്രിയപ്പെട്ട സുന്ദരൻ
കാർഡിന് നന്ദി ഞാൻ ഇവിടെ സെക്കന്ദരാബാദിൽ തലമുറകളുടെ പണി തീർത്ത ശേഷം 'ഇനി എന്തു ചെയ്യണം എന്നറിയാതെ കുത്തിയിരിക്കുന്നു വയസ്സാകുന്നു എന്ന് സംശയം .അങ്ങനെ വരുമോ? അമ്മയോടും കുടുംബാംഗങ്ങളോടും എൻ്റെ അന്യേഷണം പറയണം
സ്വന്തം വിജയൻ
വൈകാതെ ഞാൻ സെക്കന്ദരാബാദിലെത്തി കനത്ത ഏകാന്തതയും പരവശതയും വിജയനെ ആകെ തളർത്തിയിരുന്നു ക്ഷീണിതനെങ്കിലും കുറെ നേരം ഞാനുമായി രണ്ടു ദിവസം വിജയൻ തൻ്റെ ജീവിതത്തിലെ സായന്തന കാലത്തെ വേദനകൾ ചിലതൊക്കെ പങ്കുവെച്ചു
സെക്കന്തരാബാദിൽ തനിക്കിനി താമസിക്കാൻ താല്പര്യമില്ലെന്നും അതുകൊണ്ടു് പാലക്കാട് ടൗണിൽ നിന്നു മാറി പെട്ടന്ന് എത്തിപ്പെടാവുന്ന ഒരു ഗ്രാമത്തിൽ ഇത്തിരി സ്ഥലം വാങ്ങി ഒരു കൊച്ചു വീട് പണിയാൻ വേണ്ടതൊക്കെ ചെയ്യണമെന്നും വിജയൻ എന്നോടാവശ്യപ്പെട്ടു അതിൻ്റെ പ്ലാൻ ഞാൻ തന്നെ വരച്ചാൽ മതിയെന്നുമായിരുന്നു വിജയൻ്റ നിർദ്ദേശം
ഈ നാട്ടിൽ ഞാൻ ഒരന്യനാണ് അതുകൊണ്ട് എല്ലാം വേഗത്തിൽ വേണമെന്നും 'ഓർമിപ്പിച്ചു. തൻ്റെ എല്ലാമെല്ലാമായ പാലക്കാടിൻ്റെ മണ്ണിലേക്ക് ഉടൻ മടങ്ങണമെന്നായിരുന്നു ഇതിഹാസകാരൻ്റെ അവസാന മോഹം.
സാഹിത്യവും രാഷ്ട്രീയവുമൊക്കെയായി വിജയൻ കുറച്ചു കൂടി സംസാരിച്ചു ആഷാ മേനോൻ കെ.പി നിർമൽകുമാർ മേതിൽ കെ.പി അപ്പൻ പി.കെ രാജശേഖരൻ തുടങ്ങിയ എഴുത്തുകാരുടെ ഖസാക്ക് വായനയെ കുറിച്ചാണ് ഞാൻ വിജയനുമായി സംസാരിച്ചത്
വിജയൻ്റ രോഗാവസ്ഥ ചൂണ്ടിക്കാട്ടി തെരേസ
പലപ്പോഴും ഇടപെട്ട് സംസാരം നല്ലതല്ലെന്ന് ഉപദേശിച്ചു കൊണ്ടിരുന്നു .വിജയൻ ക്ഷീണിതനായി കിടക്കാൻ റൂമിലേക്ക് തിരിഞ്ഞാലുടൻ പാലക്കാട് സ്ഥലം നോക്കേണ്ടതില്ലെന്നും .അതൊന്നും നടക്കില്ലെന്നും തെരേസ എന്നോട് ആവർത്തിച്ചു. പറഞ്ഞു കൊണ്ടിരുന്നു ,ഞാൻ അവിടെ നിൽക്കുന്ന
പക്ഷം വിജയൻ കൂടുതൽ സംസാരിക്കാനിടയുണ്ടെന്ന തോന്നൽ കാരണം രണ്ടു ദിവസം മാത്രമെ വിജയനോടൊപ്പം ചെലവഴിച്ചതുള്ളു തലമുറകൾ വായിക്കാൻ തന്ന വിജയൻ അഭിപ്രായം എഴുതി അയയ്ക്കണമെന്നും ആവശ്യപ്പെട്ടു
'ഞാൻ ഇറങ്ങിയാലോ ? എൻ്റെ ചോദ്യത്തിൻ്റെ ഉത്തരമായി കസേരയിൽ ഇരുന്നിരുന്ന #വിജയൻ പ്രയാസപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിച്ചു ഞാൻ കൈ പിടിച്ച് എഴുന്നേൽക്കാൻ സഹായിച്ചു. എൻ്റെ കൈ പിടിച്ച് വളരെ പ്രയാസപ്പെട്ട് വീടിൻ്റെ ഗെയ്റ്റ് വരെ
ചെറിയ അടിവെച്ച് വിജയൻ നടന്നു വന്നു.
പിന്നീട് കുറച്ചു നേരം ആ ഗെയ്ററിൽ അങ്ങനെ പിടിച്ചു നിന്നു '. വീണ്ടും എന്നോട് എന്തോ
പറയാൻ ശ്രമിച്ചു കൊണ്ടിരുന്നു പക്ഷെ ചുണ്ടുകൾ കൂട്ടി തല്ലി വാക്കുകൾ മുറിഞ്ഞു
ഒരു കുട്ടിയെ പോലെ വിജയൻ വിതുമ്പി ' ഞാൻ ഗെയ്റ്റിന് മുകളിൽ വെച്ച വിജയൻ്റെ കൈകളിൽ തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു . പുറത്ത് കടന്ന് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ തെരേസ വന്ന് കൈ പിടിച്ച് വിജയനെ വീട്ടിലേക്ക് പതുക്കെ കൊണ്ടു
പോകുന്നു
#ഖസാക്കിലെ സാധാരണ മനുഷ്യരുടെ ജീവിതത്തിലുടനീളം നിഴൽ വിരിച്ചു നിന്ന അളവറ്റ വേദനയും കണ്ണീരും ദാർശനികതയുടെ മാനം നൽകി വരച്ചിട്ട വിജയൻ്റെ ജീവിത സന്ധ്യ ഏറെ വിഷാദ
ഭരിതമായിരുന്നു .ഞാൻ മനസ്സുകൊണ്ടു് ആ മഹാ മനുഷ്യനെ പൂണർന്നു നിന്നു ഒരു തുള്ളി കണ്ണീർ പൊടിഞ്ഞ രണ്ടു വരികൾ 'എൻ്റെ ഓർമയിൽ തെളിഞ്ഞു നിൻ്റെ തീരാ ദു:ഖത്തിലെനിക്കൊരു
പങ്കു തരൂ
ഈ തോരാ കണ്ണീരെനിക്കു പകുത്തു തരൂ
നടന്നു പോരുമ്പോൾ 'അയ്യപ്പപണിക്കരുടെ അടുത്ത വരികൾക്കായി മനസ്സുഴറി കിട്ടിയില്ല' അത്രയും സംഘർഷഭരിതമായിരുന്നു ഞാനും.
കുറെ ദൂരം നടന്ന് ഒരു ചെറിയ ബസ് സ്റ്റാൻഡിലെത്തി ബസ്സു കാത്തു നിൽക്കുമ്പോൾ ഞാൻ രവിയെ ഓർത്തു ..
Comments
Post a Comment