ഒ.വി വിജയൻ : ഓര്‍മ്മക്കുറിപ്പുകള്‍ ഭാഗം -9
ഒ.വി വിജയനെ പോലെയുള്ള വലിയൊരു എഴുത്തുകാരൻ്റെ വ്യക്തി ദു:ഖങ്ങളെ കുറിച്ച് എഴുതിയത് ബോധപൂർവമാണ് .
പ്രത്യാശകളും പ്രതീക്ഷക ളും നിറഞ്ഞ ഒരു ഹൃസ്വഘട്ടം വിജയൻ്റെ ജീവിതത്തിലുണ്ടായിരുന്നു .പക്ഷെ തൻ്റെ യൗവനത്തിൻ്റെ ആ ഹൃസ്വ ഘട്ടം കഴിഞ്ഞതോടെ വിജയനിൽ ഇരുൾ നിറഞ്ഞു .താൻ വിശ്വസിച്ച കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ അധികാരവുമായി ബന്ധപ്പെട്ട മൂല്യ തകർച്ച 'ദേശീയവും അന്തർദേശീയ വുമായ രാഷ്ടീയ - സൈനികാധിരവുമായുള്ള ഇടച്ചിലുകൾ സ്വയം ഏറ്റുവാങ്ങിയ സാമൂഹിക വേദനകൾ തൻ്റെ തന്നെ
ആന്തരിക സംഘർഷങ്ങൾ എന്നിവയെല്ലാം ചേർന്ന് വിഷാദിയായ വിജയനുണ്ടായി
അത്തരം ഒരു സന്ധിയിൽ വിജയനിൽ ആത്മീയത ആഴത്തിൽ വേരുപിടിച്ചു. വിജയൻ്റെ ആത്മീയതയുടെ വേരുകൾ മുഴുവനും പ്രകൃതിയുമായി ബന്ധപ്പെട്ട ഒന്നായിരുന്നു അത് മതേതരമായ ആത്മീയതയാണെന്ന് വിജയൻ നിരന്തരമായി പറഞ്ഞു കൊണ്ടിരുന്നു പക്ഷെ അതിൽ
മതാന്മകതയുടെ നിരവധി അംശങ്ങളുണ്ടായിരുന്നു അത് തീർത്തും സ്വാഭാവികം.ഖസാക്കിൻ്റെ ഇതിഹാസത്തിൽ ഭാരതീയവും ഇസ്ലാമികവുമായ ആന്മീയതയുടെ വലിയൊരു മേളനം നമുക്ക് കാണാനാകും
കേവല മനുഷ്യനും വേദാന്തിയും തത്വചിന്തകനും ദാർശനികനും ഒന്നിച്ചു ചേർന്ന ഒരാൽക്കെമിയിൽ നിന്നാണ് ഖസാക്കിൻ്റെ പിറവി .
വർഷങ്ങൾക്കു ശേഷമാണ് വായനയിലൂടെ ഞാൻ വീണ്ടും ഖസാക്കിലേക്ക് കടക്കുന്നത് ,അതും കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ കൂട്ടമരണത്തിൻ്റെ നിഴലിൽ നിന്നുള്ള വായന .ജോസ് സരമാഗോയുടെ Blindness എന്ന നോവലിൽ നിന്നും മാർ കേസിൻ്റെ കോളറ കാലത്തെ പ്രണയത്തിലൂടെ വിജയൻ്റെ വസൂരി കാലത്തെ ഖസാക്കിലേക്ക് തിരിയുമ്പോൾ മുന്നിൽ മരണത്തിൻ്റെ മോഹിനിയാട്ടം .വസൂരി ഒരു മഹാമാരിയായി പടർന്നു പിടിച്ച ഘട്ടത്തിൽ
ഖസാക്കിൽ നിന്നും നിരവധി മനുഷ്യരെ മരണം കൊണ്ടുപോയി .മൃത്യുവിൻ്റെ നൃത്തം വിജയൻ്റെ വരികളിൽ തന്നെ കുറിയ്ക്കുന്നു.
പ്രദർശനത്തിനൊരുക്കിയ വലിയൊരു പൂന്തോട്ടം പോലെ ഖസാക്കുകാർ കിടന്നു ചലത്തിൻ്റെ മഞ്ഞ പൂക്കൾ കൊണ്ടു് പൂക്കുടിലുകൾ പണിതു പൂവിറുത്തു മുടിയിൽ ചൂടി നല്ലമ്മ നടമാടി .സന്നിയിൽ മയക്കത്തിൽ ഖസാക്കുകാർ അവളെ കണ്ടു .അവളെ കാമിച്ചു സുരത ക്രിയ പോലെ രോഗം ആനന്ദ മൂർഛയായി അങ്ങനെ അവർ മരിച്ചു സ്കൂളിലെ കുട്ടികൾ പലരും മരിച്ചു .വാവർ ,നൂർജിഹാൻ ഉണിപ്പാറ തി ' കിന്നരി ,കുരങ്ങു കളിക്കാരൻ ചെന്തിയാവു തൊട്ടിയൻ്റെ മകൻ കരുവ് നടപ്പറമ്പിൽ കണ്ടു പരിചയമുള്ള കാസിമും സലീമും പീഞ്ഞ പലകകൊണ്ടു പുസ്തക തട്ടു പണിയാൻ ഞാറ്റുപുരയിൽ വന്ന ചേന്തിയാശാരി .
പിന്നെയും പലരും മരിച്ചു
കുപ്പുവച്ചൻ്റെ കണ്ണുകൾ പോയി
അപ്പു കിളിയെ കാണാതായി .
പറയന്മാർ അവനെ ചെതലിയിൽ കണ്ടെന്നു പറഞ്ഞു
തൻ്റെ ക്ലാസ്സിലെ നിരവധി കുട്ടികൾ മണ്ണടിഞ്ഞതിനു ശേഷം കുറെ ദിവസങ്ങൾ കഴിഞ്ഞു ക്ലാസ്സിലെത്തിയ രവിയെന്ന സ്നേഹനിധിയായ അദ്ധ്യാപകന് തൻ്റെ പ്രിയപ്പെട്ട കുട്ടികളുടെ പേരുകൾ ഹാജർ പുസ്തക
ത്തിൽ നിന്നും വെട്ടികളയാനാകാത്ത അവസ്ഥയുടെ ചിത്രം വിജയൻ വരച്ചിടുമ്പോൾ ഏതൊരു മനുഷ്യനും കണ്ണു നിറയുന്ന അവസ്ഥ .
ഖസാക്കിൻ്റെ നിശിത വിമർശനങ്ങളുടേതായ ഒരു കാലഘട്ടം കഴിഞ്ഞ് പ്രസ്തുത കൃതി ദീപൻ ശിവരാമൻ നാടകമായി ആവിഷ്കരിച്ചപ്പോൾ
അത് കാണാൻ ആസ്വാദകർ ഒഴുകിയെത്തി .വൈക്കം മുഹമ്മദ് ബഷീറിൽ വന്നു തിരണ്ട മലയാള കഥാസാഹിത്യ ചരിത്രം അതിൻ്റെ രതിമൂർഛയിലെ
ത്തുന്നത് വിജയനിലൂടെയാണ് .സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങളുടെ ഉത്സവ പറമ്പായി മാറിയ ഖസാക്കിനെ തൻ്റെ ചിന്തയുടെയും ഭാഷയുടെയും തോരണം ചാർത്തി ഇതിഹാസകാരൻ അലങ്കരിച്ചു 'ഭാഷയുടെ ഈണം അതിൻ്റെ താളം കണ്ടെത്തിയതിനെ തുടർന്നുണ്ടായ
ഒരന്തർനാദം ഖസാക്കിൻ്റെ ഇതിഹാസത്തിൽ
ചെവിയോർത്താൻ കേൾക്കാനാകും
ജീവിതത്തിൻ്റെ സപ്തവർണങ്ങളും
ചാലിച്ച ഒരു ചിത്രം അതിൽ കാണാനാകും
Comments
Post a Comment